മത്സരം എസ്.പി സഖ്യവും ബി.എസ്.പിയും തമ്മില്‍; യു.പിയില്‍ ബി.ജെ.പി നിലനില്‍പ്പ് പ്രതിസന്ധിയില്‍


2014 നു ശേഷം ഇതുപോലൊരു പ്രതിസന്ധി ബി.ജെ.പി അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് സൂചകങ്ങള്‍ വച്ചു നോക്കുമ്പോള്‍ നിലനിര്‍പ്പ് തന്നെ ഭീഷണിയിലാണ് ബി.ജെ.പി. 11ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന 71 മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യവും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് മത്സരം നടക്കുക. അധികം മണ്ഡലത്തിലും ബി.ജെ.പി ചിത്രത്തില്‍ തന്നെയില്ല. ചൗധരി അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളിനൊപ്പം മൂന്നും നാലും സ്ഥാനത്തിനു വേണ്ടിയായിരിക്കും എല്ലായിടത്തും മത്സരം.


ബി.ജെ.പിക്ക് തീര്‍ത്തും പ്രതികൂലമായി വരുന്ന മൂന്നു കാരണങ്ങള്‍


1. ബി.ജെ.പിക്കൊപ്പമുണ്ടായിരുന്ന ജാട്ട്, ബ്രാഹ്മ്ണ, ബനിയാസ്, ഠാക്കൂര്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ ആര്‍.എല്‍.ഡിയോട് ചാഞ്ഞിരിക്കുകയാണ്. മീററ്റ്, സഹറാന്‍പൂര്‍, മൊറാദാബാദ്, ബറേലി, ആഗ്ര, അലിഗഢ് മണ്ഡലങ്ങളില്‍ ഈ വിഭാഗക്കാര്‍ പ്രാതിനിധ്യം കിട്ടിയതാണ് ആര്‍.എല്‍.ഡിയെ സഹായിച്ചത്.

2. മുസാഫര്‍നഗര്‍ കലാപത്തിന്റെ പിറകുപറ്റിയാണ് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.പിയില്‍ വിജയിച്ചതെങ്കില്‍ ഇപ്രാവശ്യം ആ സാഹചര്യങ്ങള്‍ അവിടെയില്ല. കാരണം, കലാപങ്ങളൊന്നും നടത്താനായില്ല എന്നതു തന്നെയാണ്. കലാപങ്ങളില്ലാത്തതു കൊണ്ടുതന്നെ വര്‍ഗീയ ചേരിതിരിവുമുണ്ടായില്ല. മുസ്‌ലിം വോട്ടര്‍മാര്‍ ഒരേ സമയം ഏകീകൃതവും എന്നാല്‍ ഭിന്നിച്ചിട്ടുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന കാര്യത്തിലാണ് അവര്‍ ഏകീകൃതമായിരിക്കുന്നത്. എസ്.പി സഖ്യവും ബി.എസ്.പിയും തമ്മിലുള്ള മത്സരമാണ് ഭിന്നിപ്പിന്റേത്. പക്ഷെ, ഈ വോട്ടുകളെല്ലാം വരുതിയിലാക്കാന്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്കാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

3. കര്‍ഷകരെ ഏറെ വലച്ച നോട്ട് പ്രശ്‌നം ബി.ജെ.പിക്ക് വലിയൊരു തലവേദനയാണ്. ഗുജ്ജറുകളടക്കം ജാട്ടിതര കര്‍ഷക വിഭാഗങ്ങള്‍ ബി.എസ്.പിക്കോ എസ്.പി സഖ്യത്തിനോ ഒപ്പം നില്‍ക്കാനാണ് സാധ്യതയേറെ.



Sharing is Caring