അമേരിക്കന്‍ അതിര്‍ത്തികളിലെ സുരക്ഷ ശക്തവും സൂക്ഷമവുമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി യു.എസ് കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ദേശം.
കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും വിലക്ക് പുന:സ്ഥാപിക്കണമെന്നുള്ള ട്രംപ് ഭരണകൂടത്തിന്റെ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ചയാണ് ട്രംപ് നടപ്പാക്കിയ അഭയാര്‍ഥി വിലക്കിന് സീറ്റില്‍ ജില്ലാ ജഡ്ജി ജെയിംസ് റോബര്‍ട്ട് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഭരണകൂടം അപ്പീല്‍ നല്‍കിയത്. അമേരിക്കന്‍ നിയമമനുസരിച്ച് പ്രസിഡന്റിന്റെ എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ കോടതികള്‍ക്ക് സ്റ്റേ ചെയ്യാവുന്നതാണ്. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ മാത്രമേ യു.എസ് ഭരണകൂടത്തിന് സാധിക്കുകയുള്ളു.

സീറ്റില്‍ ജഡ്ജിന്റെ നടപടിയെ വിഡ്ഢിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.













