മൂന്നാറിലെ പൊമ്ബിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികളെ അപമാനിച്ച മന്ത്രി എം.എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് മഞ്ജു വാര്യര്‍. പെമ്ബിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നതായി മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്ബോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്ബിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര് ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്ബിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന് ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.

ആര്‍ക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ പെമ്ബിളൈ ഒരുമയ്ക്കൊപ്പം….













