മണിയുടെ കുടുംബത്തിന്റെ നിരാഹാര സമരം തുടങ്ങി


തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് പോലീസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് മണിയുടെ കുടുംബാംഗങ്ങളുടെ നിരാഹാര സമരം തുടങ്ങി. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും കുടുംബവുമാണ് നിരാഹാരം ഇരിക്കുന്നത്.


സമരം തുടങ്ങുന്നതിന് മുമ്പായി കലാഭവന്‍ മണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. കമ്മട്ടിപ്പാടം എന്ന സിനിമയിലുടെ പ്രശസ്തനായ നടന്‍ മണികണ്ഠനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മണികണ്ഠന്‍ ഉള്‍പ്പടെ മണിയുടെ സുഹൃത്തുക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോയെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.


കേസ് ഡയറിയില്‍ പോലീസ് തിരുത്തല്‍ വരുത്തിയെന്നും ഞങ്ങള്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് എഴുതിച്ചേര്‍ത്തതെന്നും മണിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് മണി മരിച്ചുവെന്നണ് പോലീസ് എഫ്‌ഐ‌ആറില്‍ പറയുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും പറയുന്നത് വിഷാംശം മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ്. ഇക്കാര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ആര്‍.‌എല്‍.വി രാമകൃഷ്ണന്‍ പറയുന്നു.



Sharing is Caring