നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റി: പള്‍സര്‍ സുനി


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി പള്‍സര്‍ സുനി പോലീസിനു മുമ്പാകെ മൊഴി നല്‍കി. അന്നു തന്നെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇത് അഭിഭാഷകനു കൈമാറി. പിന്നീട് അഭിഭാഷകന്‍ മെമ്മറി കാര്‍ഡ് കോടതിയെ ഏല്പിച്ചതായും സുനിയുടെ മൊഴിയിലുണ്ട്.


സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് ഫൊറന്‍സിക് ലാബിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി പോലീസ് വ്യക്തമാക്കി. പരിശോധനാ ഫലം പുറത്തു വന്നാല്‍ മാത്രമെ മൊഴിയുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ കോടതിയില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡിനു പുറമെ മറ്റു സംവിധാനങ്ങളിലേക്കും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.


ഫോറന്‍സിക് പരിശോധന ഫലം വരുന്നതുവരെ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വയ്ക്കാനാണ് പോലീസിന്റെ നീക്കം.പരിശോധനയ്ക്ക് അയച്ച മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സുനിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.



Sharing is Caring