മകരവിളക്കിന് നാല് ദിവസം: തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്


പമ്ബ: മകരവിളക്കിന് നാല് ദിവസം മാത്രം ശേഷിക്കെ വരും മണിക്കൂറുകളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്. പൊതുപണിമുടക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ വരവ് തീരെ കുറഞ്ഞിരുന്നു. ഇതിന് മുമ്ബ് പ്രതീക്ഷിച്ച തിരക്ക് ശബരിമലയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ വരുമാനത്തിലും വന്‍ ഇടിവുണ്ടായി.


മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് നാളെ തുടങ്ങും.
അതേസമയം മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് നിലക്കലില്‍ എത്തും.രാവിലെ 11 മണിയോടെയാണ് സമിതി നിലക്കല്‍ സന്ദര്‍ശിക്കുക. മകരവിളക്കിനോടനുബന്ധിച്ച്‌ വിവിധ വകുപ്പുകള്‍ സ്വീകരിച്ച ഒരുക്കങ്ങള്‍ സമിതി വിലയിരുത്തും. നിലക്കല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും.




Sharing is Caring