ഭാഗ്യലക്ഷ്മിക്ക് സിനിമയിൽ വിലക്ക്


ദിലീപിനെതിരെ പരസ്യ നിലപാടെടുത്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ സിനിമയില്‍ നിന്ന് വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ തീരുമാനിച്ചു.സംഘടനയുടെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഭാഗ്യലക്ഷ്മിയെ സിനിമയുമായി സഹകരിപ്പിക്കരുതെന്ന സന്ദേശം കൈമാറിയിരിക്കുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ യുദ്ധം തുടങ്ങിയതിന്റെ സൂചനയായാണ് ഭാഗ്യലക്ഷ്മിക്കെതിരെയുള്ള നടപടിയെ സിനിമാ ലോകം കാണുന്നത്.


ഫെഫ്കയിലും ഭാഗ്യലക്ഷ്മിക്കെതിരെ പടയൊരുക്കം ആരംഭിച്ചതായാണ് സൂചന. ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ദിലീപിന് പരസ്യ പിന്തുണ നല്‍കുമ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഭാഗ്യലക്ഷ്മി ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താന്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനം എന്ന പേരില്‍ ബി. ഉണ്ണികൃഷ്ണന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചതിനെയും പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെയും ഭാഗ്യലക്ഷ്മി പരസ്യമായി ചോദ്യം ചെയ്തതോടെ ഭാഗ്യലക്ഷ്മിയെ സിനിമയില്‍ നിന്ന് വിലക്കുവാനുള്ള പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ തീരുമാനത്തെ ഫെഫ്കയും മൗനമായി പിന്തുണക്കുവാനാണ് സാധ്യത.




Sharing is Caring