ബോള്‍ റണ്ണും ദീപശിഖയും ഇന്ന് സംഗമിക്കും


കൗമാര ലോകകപ്പിന്റെ ആവേശം കേരളിത്തിലെമ്പാടും അലയടിച്ചുയര്‍ത്തിയ ബോള്‍ റണ്ണും ദീപശിഖാ പ്രയാണവും ഇന്ന് കൊച്ചിയില്‍ സംഗമിക്കും. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി സംസ്ഥാന കായിക വകുപ്പും സ്‌പോര്‍ടസ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ പരിപാടികള്‍ ഇന്ന് സമാപിക്കുമെന്ന് സ്‌പോര്‍ടസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് നിന്ന് ആരംഭിച്ച ദിപശിഖ പ്രയാണവും പാറശാലയില്‍ നിന്ന് തുടങ്ങിയ ബോള്‍ റണ്ണും ഇന്ന് വൈറ്റിലയില്‍ സംഗമിക്കും. തുടര്‍ന്ന് വൈകിട്ട് നാലോടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ എത്തിച്ചേരും. മന്ത്രി എ.സി മൊയ്തീന്‍ ദീപശിഖയും ബോളും ഏറ്റുവാങ്ങും. തുടര്‍ന്ന് മൈതാനിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സ്ഥാപിക്കും. ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കഴിയുന്നത് വരെ ഇത് ഇവിടെ ഉണ്ടാകും. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം കുട്ടികള്‍ക്കായുള്ള ഗോളടി മത്സരം ഉള്‍പ്പടെ വിവിധ പരിപാടികളും നടത്തും. ഫുട്‌ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഒരുക്കും. വലിയ സ്‌ക്രീന്‍ സ്ഥാപിച്ചായിരിക്കും മത്സരം കാണാന്‍ അവസരം ഒരുക്കുന്നതെന്നും ടി.പി ദാസന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍ പങ്കെടുത്തു.




Sharing is Caring