ഭര്‍തൃമതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു


ഭര്‍തൃമതിയായ യുവതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു. ആവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് അള്ളംപള്ളത്തെ സുമതി (30)യാണ് വിറകുവെട്ട് തൊഴിലാളിയായ കാമുകന്‍ മുരുകേശനെയും രണ്ട് കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് പുതിയ കാമുകനൊപ്പം പോയത്. മെയ് 13ന് രാവിലെയാണ് സുമതിയെ കാണാതായത്. 12ന് രാത്രി സുമതി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു.


രാവിലെ മുരുകേശന്‍ നോക്കിയപ്പോള്‍ മുറിയില്‍ സുമതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് ക്വാര്‍ട്ടേഴില്‍ താമസിക്കുന്നവരോടും, ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുരുകേശന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. രാത്രിയില്‍ സുമതിയോട് ആക്രി സാധനങ്ങള്‍ വില്‍പ്പന നടത്തിയതിന്റെ കണക്കുകള്‍ മുരുകേശന്‍ ആവശ്യപ്പെടുകയും ഇതേചൊല്ലി ഇരുവരും കലഹിക്കുകയും ചെയ്തിരുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമതി തമിഴ്‌നാട്ടില്‍ അള്ളംപള്ളത്ത് ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുരുകേശന്റെ കൂടെ വന്നതായിരുന്നു. മുരുകേശനുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതേസമയം നിയമപ്രകാരം ഇവര്‍ വിവാഹിതരുമായിട്ടില്ല. അതിനിടയില്‍ സുമതി രണ്ടാമത്തെ കാമുകന്റെ കൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നു. ഭര്‍ത്താവ് മുരുകേശന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.



Sharing is Caring