മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ അപാകതയുണ്ട് വനിത കമീഷന്‍

മന്ത്രി എം.എം. മണി പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അപാകതയുണ്ടെന്ന് വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി. മന്ത്രിയെന്ന നിലയില്‍ അനുചിതമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും അവര്‍ സൂചിപ്പിച്ചു. ഇക്കാരണത്താലാണ് കമീഷന്‍ ഇടപെടലുണ്ടായതും സ്വമേധയ കേസെടുത്തതും.

തിരിച്ചറിവിന്റെ കൂടി പ്രശ്‌നമാണ് ഇതിലുള്ളത്. എന്തു പറയണം, എങ്ങനെ അവതരിപ്പിക്കണം, പൊതുഇടത്തില്‍ എത്രത്തോളം സ്വാതന്ത്ര്യമാകാം, വീട്ടിലെ സ്വാതന്ത്ര്യം പുറത്താകാമോ എന്നതിലൊക്കെ തിരിച്ചറിവാണ് വേണ്ടത്. മണിക്കെതിരായ കേസില്‍ കമീഷന്‍ എസ്.പി കെ.യു. കുര്യാക്കോസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാമര്‍ശത്തെ എത്രത്തോളം ന്യായീകരിക്കാം എന്നത് പരിശോധിക്കും. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സാഹചര്യത്തെളിവുകളും കണ്ടെത്തലുകളും ഉള്‍പ്പെടുത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നും ഡോ. പ്രമീളദേവി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ നീക്കങ്ങളും പരാമര്‍ശങ്ങളും നിയമപരിധിക്കുള്ളില്‍നിന്ന് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചത്. ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വനിത സംരംഭകരെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 19ന് സെമിനാര്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *