ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യം.
അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണം – അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ ഇത്തരമൊരു ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതാണ്. 2024 നവംബറില്‍ സമാനമായ ആവശ്യമുര്‍ന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ജഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി അന്ന് പ്രഖ്യാപിച്ചത്. സോഷ്യലിസം എന്നത് അതിന്റെ പുസ്തത്തില്‍ പറയുന്ന രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രിത സാമ്പത്തിക സാമ്പത്തിക സംവിധാനം എന്ന് കണക്കാക്കേണ്ടതില്ല. ഇന്ത്യയെ സംബന്ധിച്ച് എല്ലാവര്ക്കും തുല്യ അവസരവും വികസനവും ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ക്ഷേമരാഷ്ട്ര സങ്കല്പമായി അതിനെ കണ്ടാല്‍ മതി. മതേതരത്വം എന്നത് ഓരോ പൗരന്റെയും മതസ്വാതന്ത്ര്യം കൂടി ഉറപ്പ് വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് വാക്കുകളിലും പ്രശ്നമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.













