ബാലറ്റ് പേപ്പര്‍ അമിത്ഷായ്ക്ക് കാണിച്ചുകൊടുത്തു; രണ്ട് വിമത എം.എല്‍.എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്


വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ മത്സരാര്‍ഥി കൂടിയായ അമിത്ഷായ്ക്ക് കാണിച്ചുകൊടുത്ത് കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയ എം.എല്‍.എമാര്‍. ഗുജറാത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.


കൂറുമാറിയ രണ്ടുപേരുടെയും വോട്ടുകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.


കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പിന്റെ വീഡിയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചു. ശേഷം റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തെത്തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. രണ്ട് എം.എല്‍.എമാരുടെ വോട്ടുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുത്ത് ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.

മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു സീറ്റുകളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചുകഴിഞ്ഞതാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു മത്സരിക്കുന്ന സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി കൂടിയായ അഹമ്മദ് പാട്ടേലിന്റെ കാര്യം തുലാസിലാണ്.



Sharing is Caring