ബാലഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികന് പിടിയിലായി. താമരശേരി കുണ്ടുതോട് സ്വദേശിയായ ഫാദര്‍ സജിയാണ് (ജോസഫ്, 40 ) മംഗലാപുരത്ത് നിന്ന് മീനങ്ങാടി സി.ഐ പളനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അത്തിനിലം ബാലഭവനിലെ പതിന്നാല്, പതിനഞ്ച് വയസ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് സജി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ, ഐ.പി.സി 377, ജുവൈനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മദ്ധ്യവേനലവധിക്കാണ് വൈദികന് വിദ്യാര്‍ത്ഥികളെ തന്റെ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോട് വിവരം പറയുകയും പി.ടി.എ കമ്മിറ്റി വഴി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയുമായിരുന്നു. 35 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബാലഭവന്റെ ചുമതലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് വൈദികനെ മാറ്റിയിരുന്നു. വിസന്ഷ്യല് ആശ്രമത്തിനു കീഴിലാണ് ബാലഭവന് പ്രവര്‍ത്തിക്കുന്നത്. സംഭവം അറിഞ്ഞിട്ടും സഭാ നേതൃത്വം മൂടിവച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്.














