മാഹി: മാഹിയില്‍ സി പി എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ആര് എസ് എസ് പ്രവര്ത്തകന് അറസ്റ്റില്‍. മാഹി ചേമ്പ്ര അയ്യാത്ത് മീത്തലേരില് അരസന് എന്ന് വിളിക്കുന്ന സനീഷ് (30) ആണ് അറസ്റ്റിലായത്. ഇയാളെ എറണാകുളം പിറവം പാലച്ചുവട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 17 ദിവസമായി പാലച്ചുവട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. രണ്ടു വര്‍ഷം മുമ്പും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു.
ബോര്‍മ ഉടമയായ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 20 വര്‍ഷമായി പിറവത്ത് ബേക്കറി നടത്തിവരികയായിരുന്നു ഇയാള്‍. മാഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്താണ് പ്രതികളെ പിടികൂടിയത്.രണ്ട് ദിവസമായി സനീഷ് പൊലീസ് നീരീക്ഷണത്തിലായിരുന്നു. പിറവം പൊലീസിന്റെ സഹായത്തോടെ മാഹി പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.














