ബന്ധുവിന് മാനദണ്ഡം ലംഘിച്ച്‌ നിയമനം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതം: കെ ടി ജലീല്‍


തിരുവനന്തപുരം : മാനദണ്ഡം ലംഘിച്ച്‌ ബന്ധുവിന് നിയമനം നല്‍കി എന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഏഴ് അപേക്ഷകളാണ് ലഭിച്ചത്. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്.


മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ആരെയുംയും നിയമിച്ചില്ല. യോഗ്യതയില്‍ ഇളവ് വരുത്തിയന്ന ആരോപണം തെറ്റാണ്. ബാങ്കിംഗ് മേഖലയില്‍ നല്ല ഒരു ശതമാനം ബാങ്ക് മാനേജര്‍മാരും ബി ടെക്കുകാരനാണ്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബി ടെക്കുകാരനാണെന്നും ജലീല്‍ പറഞ്ഞു. ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ട് എന്ന കാരണത്താല്‍ അവസരം നിഷേധിക്കുന്നത് തെറ്റാണ്. ഈ നിയമനത്തില്‍ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. മറച്ചുവെക്കാനും ഒന്നുമില്ല.


നിയമനത്തിന്റെ ഒരു ഘട്ടത്തിലും താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. പിതൃസഹോദരപുത്രനു സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ആരോപണമാണ് മന്ത്രി തള്ളിയത്.



Sharing is Caring