കൊച്ചി: കാത്തിരിപ്പ് അവസാനിക്കുന്നു. സംസ്ഥാനത്തെ ബംഗാളി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുകയാണ്. എറണാകുളത്ത് നിന്നും ബംഗാളിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് 24ന് യാത്ര തിരിക്കും. സംസ്ഥാനത്ത് നിന്നും ആകെ 29 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ബംഗാളിലേക്ക് തൊഴിലാളികളുമായി കുതിക്കുക. ഒഡീഷയടക്കം തങ്ങളുടെ തൊഴിലാളികളെ സ്‌പെഷ്യല്‍ ട്രെയിന്‍മാര്‍ഗം നാട്ടിലെത്തിച്ചപ്പോഴും ബംഗാള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിരുന്നില്ല. ഇതോടെ, കേരളത്തിലെ ബംഗാളി തൊഴിലാളികളുടെ മടക്കം പ്രതിസന്ധിയിലായി. പലയിടത്തും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ, കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും, വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയും ചെയ്തതോടെയാണ് തൊഴിലാളികളുടെ മടക്കത്തിന് വഴി തെളിഞ്ഞത്.
എറണാകുളത്ത് നിന്ന് രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ 26നാണ് യാത്ര തിരിക്കുക. തുടര്‍ന്ന് ജൂണ്‍ 6,7,14 തീയതികളിലും എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെടും. തലസ്ഥാനത്ത് നിന്നും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കൊല്ലം 2, ആലപ്പുഴ 1, തിരുവല്ല 1,കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, തിരൂര്‍ 5, പാലക്കാട് 1, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നും ബംഗാളിലേക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളില്‍ ക്യാമ്ബുകളിലെത്തി ആരോഗ്യവകുപ്പ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലാകും ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുക. കേരളത്തില്‍ നിരവധി ബംഗാള്‍ സ്വദേശികള്‍ ഉണ്ടെന്നാണ് കണക്ക്













