പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കായിരിക്കും പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവായവയും മാറ്റിവെച്ച പരീക്ഷകളുമായിരിക്കും ആദ്യം നടത്തുക.

കൊറോണ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കര്‍ശന വ്യവസ്ഥകളോടെയാണ് പരീക്ഷകള്‍ നടത്തുക. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച്‌ ഓണ്‍ലൈനായി നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം.

62 തസ്തികകളിലായി 26 പരീക്ഷകളാണ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നടത്താന്‍ പിഎസ്‌സി നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും പിഎസ്‌സി പൂര്‍ത്തീകരിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കണ്‍ഫര്‍മേഷന്‍ വാങ്ങുകയും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മാറ്റി വെച്ച പരീക്ഷകള്‍ എത്രയും വേഗം നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.

കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ ഇനിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കേണ്ടെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളില്‍ ഭൂരിഭാഗം പരീക്ഷകളും ജൂണ്‍, ജൂലായ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *