ഫ്രാന്‍സ് സെമിയില്‍; ഐസ്‌ലന്‍ഡിന്റേത് വീരോചിത മടക്കം


ആവേശ കൊടുമുടിയേറിയ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. സ്വന്തം നാട്ടുകാരുടെ മുന്നില്‍ തകര്‍പ്പന്‍ കളിയുടെ കെട്ടഴിച്ച ഫ്രാന്‍സ് ആധികാരിക ജയം സ്വന്തമാക്കിയാണ് യൂറോ കപ്പ് ഫുട്‌ബോളിന്റെ അവസാന നാലു ടീമുകളിലൊന്നായി മാറിയത്.


ഫ്രാന്‍സിനു വേണ്ടി ഒളിവര്‍ ജിറൗഡ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ പോള്‍ പോഗ്ബ, ദിമിത്രി പായറ്റ്, അന്റോണെ ഗ്രീസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് പട്ടിക തികച്ചു. കോള്‍ബെന്‍ സിഗ്‌തോഴ്സണ്‍, ബര്‍ണാസണ്‍ എന്നിവരാണ് ഐസ്‌ലന്‍ഡിനായി ഗോളുകള്‍ നേടിയത്.


അട്ടിമറി പരമ്പരകള്‍ സൃഷ്ടിച്ചാണ് ഐസ്‌ലന്‍ഡ് ഇത്തവണ യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ മറ്റൊരു വലിയ അട്ടിമറി സ്വപ്നവുമായി ഇറങ്ങിയ ഐസ്‌ലന്‍ഡിന്റെ മോഹങ്ങള്‍ തുടക്കത്തിലെ നുള്ളിക്കളഞ്ഞായിരുന്നു ഫ്രഞ്ച് പടയുടെ തേരോട്ടം.

ആദ്യ പകുതിയില്‍ ആഞ്ഞടിച്ച ഫ്രാന്‍സ് നാലു ഗോളിന് മുന്നിലെത്തുകയും ചെയ്തു. ഒളിവര്‍ ജിറൗഡ്(13) പോള്‍ പോഗ്ബ(20), ദിമിത്രി പായറ്റ്(43), അന്റോണെ ഗ്രീസ്മാന്‍(45) എന്നിവരാണ് ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. നാലു ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ഇറങ്ങിയ ഫ്രാന്‍സിന് പക്ഷെ ആ മേധാവിത്വം നിലനിര്‍ത്താനായില്ല.

മികച്ച കളി കെട്ടഴിച്ച ഐസ്‌ലന്‍ഡ് 53-ാമത്തെ മിനിട്ടില്‍ കോള്‍ബെന്‍ സിഗ്‌തോഴ്സണിലൂടെ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ പ്രത്യാക്രമണത്തിലൂടെ ഒളിവര്‍ ജിറൗഡ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി(സ്‌കോര്‍- 5-1). അതിനുശേഷവും ഗോളടിക്കാന്‍ ഫ്രഞ്ച് പട ഇരമ്പിയാര്‍ത്തെങ്കിലും ഐസ്‌ലന്‍ഡ് പ്രതിരോധം കൂടുതല്‍ ജാഗരൂകരായി. ഇതിനിടയില്‍ എണ്‍പത്തിനാലാം മിനിറ്റില്‍ ബര്‍ണാസണിലൂടെ ഐസ്‌ലന്‍ഡ് രണ്ടാം ഗോള്‍ നേടി തോല്‍വി ഭാരം കുറച്ചു.

സെമിയിലെത്തിയ ഫ്രാന്‍സിന്റെ എതിരാളി ജര്‍മ്മനിയാണ്. ഇറ്റലിയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ജര്‍മ്മനി സെമിയിലെത്തിയത്.



Sharing is Caring