പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് രാത്രി തന്നെ കേരളത്തിലെത്തും. രാത്രി 7.25 ഓടെ ബംഗളുരുവില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മഅ്ദനി കേരളത്തിലേക്ക് തിരിക്കും.
മഅ്ദനിയെ വിമാനത്തില്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഫിസിനു മുന്പില് പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ അവസാനിപ്പിച്ചു. നേരത്തെ ധര്‍ണ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചതോടെയാണ് സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്.

കോടതിയുടെ അനുമതിയോടെ കേരളത്തിലേക്ക് വരാനായി ബംഗളുരു വിമാനത്താവളത്തിലെത്തിയ പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയെ കയറ്റാതെയാണ് ഇന്‍ഡിഗോ വിമാനം പുറപ്പെട്ടത് . വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ വിമാനത്തില്‍ കയറ്റില്ലെന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതരുടെ നിലപാടിനെ തുടര്‍ന്നാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത്.













