ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായ എ.കെ. ശശീന്ദ്രന് ഇന്ന് നിര്‍ണായക ദിനം. ശശീന്ദ്രനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും അതിനാല്‍ കേസ് റദ്ദാക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ യുവതി ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം, ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേയ്ക്ക് തിരികെയെത്തുമാണ് വിലയിരുത്തല്‍. അശ്ലീലച്ചുവയോടെ ചാനല്‍ പ്രവര്‍ത്തകയോട് ഫോണില്‍ സംസാരിച്ചുവെന്ന ആക്ഷേപം പുറത്തുവന്നതോടെയാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്.

തുടര്‍ന്ന് ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പി.എസ്.ആന്റണി അധ്യക്ഷനായി ജുഡീഷല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. കമ്മീഷന് റിപ്പോര്‍ട്ടും ഉടന്‍ സമര്‍പ്പിക്കുമെന്നാണു വിവരം. കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും കമ്മീഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചാനല്‍ സംപ്രേഷണം ചെയ്ത വിവാദ സംഭാഷണം ഏതു സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണു കമ്മീഷന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്ന വിഷയങ്ങള്‍. കമ്മീഷനില്‍ ലഭിച്ച മൊഴികള്‍, നിരീക്ഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും കമ്മീഷന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.













