മൊണാക്കോ: പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി ഒന്നാമനായി മുന്നേറുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് കായിക ലോകത്തിന്റെ ആദരം. പതിനെട്ടാം ലോറസ് സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്കാരവും ഫെഡറര്‍ സ്വന്തമാക്കി. ഫെഡററുടെ ആറാം ലോറസ് ലോക കായിക പുരസ്കാരമാണിത്. സ്പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം യുഎസ് താരം സെറീന വില്യംസിനാണ്. സെറീനയുടെ നാലാം പുരസ്കാരനേട്ടമാണിത്.
മൊണാക്കോ ആതിഥ്യം വഹിച്ച ലോറസ് സ്പോര്‍ട്സ് പുരസ്കാരദാനച്ചടങ്ങില്‍ ടെന്നീസ് താരം റാഫേല്‍ നദാലിനെയും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിന്നിലാക്കിയാണ് ഫെഡറര്‍ കായിക ലോകത്തിന്റെ നെറുകയിലെത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കിയ സ്വിസ് താരം അഞ്ചുവര്‍ഷങ്ങള്‍ക്കും 106 ദിവസങ്ങള്‍ക്കും ശേഷം വീണ്ടും ഒന്നാം റാങ്കില്‍ എത്തിയിരുന്നു.

വിംബിള്‍ഡണ്‍ ചാമ്ബ്യന്‍ ഗര്ബിന് മുഗുരുസ, നീന്തല്‍ താരം കെറ്റി ലെന്ഡെക്കി, അത്ലറ്റിക്ക് താരം ആലിസണ് ഫെലിക്സ് എന്നിവരെ മറികടന്നാണ് സെറീന പുരസ്കാരം നേടിയത്. എട്ടാഴ്ച ഗര്‍ഭിണിയായിരിക്കെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിച്ച താരം കിരീടം സ്വന്തമാക്കിയിരുന്നു. അമേരിക്കന്‍ താരത്തിന്റെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടമായിരുന്നു മെല്‍ബണില്‍ നേടിയത്.
മറ്റു പുരസ്കാര ജേതാക്കള്‍:
ഇക്സെപ്ഷനല് അച്ചീവ്മെന്റ്: ഫ്രാന്‍സിസ്കോ ടോട്ടി, എഡ്വിന് മോസസ്
ഈ വര്‍ഷത്തെ മികച്ച ടീം: മെഴ്സഡസ്
ആക്ഷന്‍ സ്പോര്‍ട്സ് താരം: അര്‍മല്‍ ലെ ക്ലെച്ച്
ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍: സെര്‍ജിയോ ഗാര്‍സിയ
ഭിന്നശേഷിയുള്ള മികച്ച കായിക താരം: മര്‍സല്‍ ഹുഗ്
സ്പോര്‍ട്ടിംഗ് ഇന്സ്പിറേഷന് പുരസ്കാരം: ജെ.ജെ. വാട്ട്
മികച്ച കായിക നിമിഷം: എക്കാലത്തേയും ചാമ്ബ്യന്മാരായി “ചാപെകോയന്‍സ് ടീമിനെ തെരഞ്ഞെടുത്തത്.












