ഫാബി ബഷീര്‍ അന്തരിച്ചു


imagesകോഴിക്കോട്: ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കൂട്ടിരുന്ന പ്രിയതമ ഫാബി ബഷീര്‍ (77) അന്തരിച്ചു. ഒരാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഫാബിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച.


മരണസമയത്ത് മക്കളായ അനീസ് ബഷീറും ഷാഹിനയും സമീപത്തുണ്ടായിരുന്നു. ഇതുപോലൊരു ജൂലായില്‍ തന്നെയാണ് ബഷീറും യാത്രയായത്. ജൂലായ് അഞ്ചിന്.
ചെറുവണ്ണൂര്‍ അരീക്കാടന്‍ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും മകളായി 1937 ജൂലായ് 15നാണ് ഫാത്തിമാബിയുടെ ജനനം.


വിവാഹശേഷം ബഷീറിനൊപ്പം ജീവിതത്തിലും എഴുത്തിലും നിഴല്‍പോലെ ഫാബിയുണ്ടായിരുന്നു. പെണ്ണുകാണാന്‍ പോയപ്പോഴാണ് ഫാത്തിമ ബീവിക്ക് ‘ഫാബി’യെന്ന ആ പേര് ബഷീര്‍ നല്‍കിയത്. 1958 ഡിസംബര്‍ 18ന് ആയിരുന്നു വിവാഹം. 36 വര്‍ഷത്തെ ദാമ്പത്യജീവിതം.

ബഷീറിന്റെ മരണശേഷം വിശ്വസാഹിത്യകാരന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയായിരുന്നു ഫാബി. ബഷീറിനെക്കുറിച്ചുള്ള ഓമ്മക്കുറിപ്പുകള്‍ സമാഹരിച്ച് ‘ബഷീറിന്റെ എടിയേ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Sharing is Caring