ഗൗരിയമ്മയ്‌ക്കെതിരെ പരമാര്‍ശം: പിസി ജോര്‍ജിന് താക്കീത്

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്കെതിരായ മോശം പരമാര്‍ശത്തില്‍ പി സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കറും ജോര്‍ജിന് മുന്നറിയിപ്പ് നല്‍കി.

ഒരു സമ്മേളനകാലത്തേക്ക് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ജി.സുധാകരന്‍, സാജു പോള്‍, മാത്യു ടി തോമസ് എന്നിവര്‍ അന്ന് ആവശ്യപ്പെട്ടത്. കേവലം താക്കീത് ചെയ്ത് യു ഡി എഫുകാരനായ എം എല്‍ എയെ ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന് ഉന്നയിച്ചാണ് അവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. മാന്യത കാത്തുസൂക്ഷിക്കാത്ത പരാമര്‍ശം നടത്തിയതുവഴി സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തിനെതിരെ നടപടി വരുന്നത്.

ഗൗരിയമ്മയെ പി സി ജോര്‍ജ്ജ് 95 വയസുള്ള കിഴവിയെന്ന് വിളിച്ചതിനെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശനമുണ്ടായിരുന്നു. സ്ത്രീയെന്ന ബഹുമാനം കൊടുത്തേക്കാം. എന്നാലും അവരുടെ കൈയ്യിലിരുപ്പ് മഹാ മോശമാണെന്നൊക്കെയാണ് ജോര്‍ജ് പറഞ്ഞത്. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *