യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ടോം ഉഴുന്നാല്‍ ദല്‍ഹിയിലെത്തി. രാവിലെ 7.40നുള്ള വിമാനത്തില്‍ വത്തിക്കാനില്‍ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വത്തിക്കാനില്‍ നിന്നുള്ള പുരോഹിത സംഘവും ടോം ഉഴുന്നാലിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെ കാണാനാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്. ബെംഗളൂരുവിലും രണ്ടുദിവസം തങ്ങിയശേഷം ഒക്ടോബര്‍ ഒന്നിന് കേരളത്തിലെത്തും. ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. വൈകിട്ട് 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന നടത്തും.

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഒരു സംഘം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നീണ്ട 19 മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഈ മാസം 12നാണ് ഉഴുന്നാലിലിനെ മോചിപ്പിച്ചത്. അവിടുന്നു നേരെ റോമിലേക്കായിരുന്നു ഫാ. ടോം പോയത്.
യെമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്ക്കരമായിരുന്നു. ഒടുവില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്.













