പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ നാസര്‍ കീഴടങ്ങി


കൊച്ചി∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരൻ എം.കെ. നാസർ കീഴടങ്ങി. കൊച്ചി എൻഐഎ കോടതിയിലാണ് പ്രതി കീഴടങ്ങിയത്. സംഭവം ആസൂത്രണം ചെയ്തത് നാസർ ആണെന്ന് എൻഐഎ പറഞ്ഞു. പ്രതികൾ നാസറുമായി സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ് കേസ് പരിഗണിച്ചപ്പോൾ എൻഐഎ പ്രധാനമായും ഹാജരാക്കിയിരുന്നത്. സംഭവസമയത്ത് പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹിയായിരുന്നു നാസർ.പ്രൊഫ. ജോസഫിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് നാസറാണെന്നാണു എന്‍.ഐ.എ വാദം. കേസില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം വീതം തടവിനും കോടതി ശിക്ഷിച്ചിരുന്നു.
2010 ജൂലൈ നാലിനാണു പ്രതികൾ സംഘം ചേർന്നു പ്രഫ.ടി.ജെ. ജോസഫിനെ ആക്രമിച്ചത്. വാനിൽ എത്തിയ സംഘം, പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ജോസഫിനെ കാർ വീടിനു സമീപം തടഞ്ഞുനിർത്തി ഗ്ലാസ് അടിച്ചുതകർത്ത് വലിച്ചു പുറത്തിറക്കിയാണ് ആക്രമിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്റ്റർ മേരി സ്റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷമായിരുന്നു ആക്രമണം. റോഡിൽ പിടിച്ചു കിടത്തിയശേഷം മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നു.




Sharing is Caring