പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പുഴയില്‍ ചാടാന്‍ കാരണം പീഡനം; മൂന്ന് പേരെ പിടികൂടി പൊലീസ്


മുണ്ടക്കയം: പതിനഞ്ചുകാരിയായ പെണ്‍​കുട്ടി​യും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. പ്രായപൂര്‍ത്തി​യാവാത്ത ഈ പെണ്‍​കുട്ടി​കളെ നാല് പേര്‍ ചേര്‍ന്ന് പലയിടങ്ങളിലെത്തിച്ച്‌ പിഡിപ്പിച്ചെന്ന് കുട്ടികളെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ പൊലീസ് പിടികൂടി. സംഘത്തി​ലുള്ള ഒരാള്‍ക്കുവേണ്ടി​ അന്വേഷണം ആരംഭി​ച്ചു.


തിങ്കളാഴ്ചയാണ് പതിനഞ്ചുകാരിയായ പെണ്‍​കുട്ടി​യും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായി​രുന്നു. വീട്ടുകാര്‍ വഴക്കു പറഞ്ഞതുകൊണ്ടാണ് മരിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു കുട്ടികള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില ആണ്‍കുട്ടികളുമായുള്ള ബന്ധം കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോള്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ അടക്കം നാലുപേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.




Sharing is Caring