റാസല്‍ഖൈമ: കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് റാസല്‍ഖൈമയില്‍ വള്ളംകളി സംഘടിപ്പിച്ചു. വെള്ളിയാഴ്ച നാലാം ഓണനാളില്‍ രാവിലെ ഏഴുമുതല്‍ റാക് കോര്‍ണിഷില്‍ നടന്ന ജലമേള കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ യു.എ.ഇ. -വിദേശ ടീമുകളാണ് മത്സരിച്ചത്.
വള്ളംകളി കാണാനെത്തിയ മലയാളികളെ നാടോര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പതിനഞ്ചില്‍പ്പരം വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്.ഉച്ചയ്ക്ക് രണ്ടിന് മലയാളിടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ടീം ചമ്ബക്കുളം ഒന്നാംസ്ഥാനം നേടി. കാരിച്ചാല്‍, വലിയ ദിവാന്‍ജി നടുഭാഗം, പായിപ്പാട്, ചെറുതന കാവാലം, കരുവാറ്റ ടീമുകളെ പിന്തള്ളിയാണ് റാക് ഇന്ത്യന്‍ അസോസിയേഷന്റെ ടീമായ ചമ്ബക്കുളം വിജയിച്ചത്. വൈ.എം.സി.യുടെ കാരിച്ചാല്‍ രണ്ടാംസ്ഥാനവും വലിയ ദിവാന്‍ജി മൂന്നാം സ്ഥാനവും നേടി. റാക് അല്‍ ഖാസിമി കോര്‍ണിഷിലെ ഫ്ളാഗ് പോസ്റ്റിന് സമീപത്തെ റാക് മറൈന്‍ ക്ളബ്ബിലും പരിസരത്തും മത്സരം വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

പ്രമുഖര്‍ പങ്കെടുത്ത ഉദ്ഘാടന-സമാപന ചടങ്ങുകള്‍ മറൈന്‍ ക്ളബ്ബ് അങ്കണത്തില്‍ നടന്നു. മലയാളികള്‍ക്ക് ഓണ സമ്മാനമായാണ് ഇക്കുറി വള്ളംകളി ഒരുക്കിയതെന്ന് റാക് ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ളബ്ബ് എക്‌സിക്യുട്ടീവ് മാനേജര്‍ ആരിഫ് ഇബ്രാഹിം ആല്‍ ഹറാന്‍കി പറഞ്ഞു.













