പ്രതിഷേധം ഫലംകണ്ടു; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ ലിറ്ററിന് 2 രൂപ കുറച്ചു


രാജ്യത്തെങ്ങും വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ പെട്രോള്‍, ഡീസലുകളുടെ എക്‌സൈസ് തീരുവയില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതിയ നടപടി സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തില്‍ 26,000 കോടി രൂപ ഇടിവുണ്ടാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടതിനാല്‍ 13,000 കോടി രൂപയായിരിക്കും നഷ്ടപ്പെടുക.


ഇതനുസരിച്ച് പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് എക്‌സൈസ് തീരുവയില്‍ ഇളവു വരുത്തിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.


നിലവില്‍ പെട്രോള്‍ ലിറ്ററിന് മൊത്തം 21.48 രൂപയും ഡീസല്‍ ലിറ്ററിന് 17.33 രൂപയുമാണ് എക്‌സൈസ് തീരുവ ഈടാക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിനേനയാണ് നിര്‍ണയിക്കുന്നത്. ജുലൈ നാലു മുതല്‍ പെട്രോളിന്റെ വില ഇതുവരെ ഉയര്‍ന്നത് 7.8 രൂപയാണ്. ഡീസലിന് 5.7 രൂപയും കൂടി. ഈ വന്‍ വര്‍ധയുണ്ടായതോടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായത്.



Sharing is Caring