പഞ്ചാബ് നാഷണൽ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കുന്നതിനായി പ്രത്യേക ഹോൾഡിങ് കമ്പനി രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരികൾ ഹോൾഡ് ചെയ്യുന്നതിനും കൂടുതൽ മൂലധനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം കമ്പനി രൂപീകരിക്കുന്നത്. 2015 -16 ലെ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആണ് ഇതിനുള്ള നിർദേശം മുന്നോട്ട് വച്ചത്. തുടർന്ന് 2016 ൽ ഇതിന്റെ മുന്നോടിയായി വിനോദ് റായ് അധ്യക്ഷനായി ബാങ്ക്സ് ബോർഡ് ബ്യുറോ എന്ന സ്ഥാപനം രൂപീകരിച്ചു.
പ്രത്യേക കമ്പനി രൂപീകരിക്കുന്നതിന് ബാങ്ക് നാഷണലൈസേഷൻ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതു കാരണമാണ് സർക്കാർ ഇതിൽ അമാന്തം കാണിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ പൊതുമേഖലാ ബാങ്കുകളിൽ 55 .5 ശതമാനം മുതൽ 87 ശതമാനം വരെയാണ് സർക്കാർ ഓഹരി പങ്കാളിത്തം.














