പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌: മുഖ്യപ്രതി അറസ്‌റ്റില്‍


കായംകുളം: പോലീസില്‍ വിവിധ തസ്‌തികയിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികള്‍ തട്ടിപ്പ്‌ നടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ പടീറ്റതില്‍ ശരണ്യ(24)യാണ്‌ അറസ്‌റ്റിലായത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതിയായ ഹരിപ്പാട്‌ കുമാരപുരം ശിവശൈലത്തില്‍ രാജേഷി(33)നെ കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ പ്രതികളായ മാതാപിതാക്കള്‍ സുരേന്ദ്രന്‍, അജിത ബന്ധു ശംഭു എന്നിവര്‍ റിമാന്‍ഡിലാണ്‌. തട്ടിപ്പ്‌ സംഘത്തില്‍ ഉള്‍പ്പെട്ട തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട്‌ മാധവത്തില്‍ പ്രദീപി(40)നെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തുവരുന്നു. ശരണ്യയുടെ ഭര്‍ത്താവ്‌ സീതത്തോട്‌ മടന്തല്‍പാറ പ്രദീപിനെയും പോലീസ്‌ തെരയുന്നുണ്ട്‌. അടുത്തിടെ കൊല്ലം സ്വദേശിയായ മിമിക്രി ആര്‍ട്ടിസ്‌റ്റുമായി പരിചയപ്പെടുകയും ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ തയാറെടുക്കുകയും ചെയ്‌തിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ വീട്ടില്‍ പോലീസ്‌ എത്തുമെന്ന രഹസ്യ വിവരം പോലീസില്‍ നിന്നു തന്നെ അറിഞ്ഞ ശരണ്യ വ്യാജ രേഖകളും ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുമായി രക്ഷപെട്ടു. രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ പിന്നീട്‌ കൊല്ലത്തു നിന്നും കണ്ടെടുത്തു. അമിത വേഗതയില്‍ കാര്‍ ഓടിക്കുന്നത്‌ ഹരമായ ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ട്‌. ഇവരുടെ കോള്‍ ലിസ്‌റ്റും കമ്പ്യൂട്ടറിലെ വിവരങ്ങളും പോലീസ്‌ പരിശോധിച്ചുവരുന്നു. കോള്‍ ലിസ്‌റ്റില്‍ നിരവധി ഉന്നതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും പോലീസ്‌ പറഞ്ഞു. ഡി.വൈ.എസ്‌.പി: ദേവമനോഹറിന്റെ നേതൃത്വത്തില്‍ സി.ഐ: കെ.എസ്‌.ഉദയഭാനു,എസ്‌.ഐമാരായ ഡി.രജീഷ്‌കുമാര്‍, എസ്‌.എ.സമദ്‌, രാജേഷ്‌, സി.പി.ഒമാരായ രജീന്ദ്രദാസ്‌, വിനീത്‌, വീണ, ജയന്തി, ജിജാദേവി എന്നിവരാണ്‌ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.




Sharing is Caring