പെന്പിളൈ ഒരുമൈ സമരത്തെ അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണി തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ സമരം നടത്തുന്ന പെന്പിളൈ ഒരുമൈയോട് നേരിട്ടെത്തി മാപ്പ് പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ പറഞ്ഞത് വിവാദമായപ്പോള്‍ ഇന്നലെത്തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ പറഞ്ഞത് പെന്പിളൈ ഒരുമൈയെ കുറിച്ചല്ലെന്നും മാദ്ധ്യമ പ്രവര്‍ത്തകരും സുരേഷ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണെന്നും മണി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിളിച്ചിരുന്നു. അവര്‍ പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയത്. അതോടെ ആ അദ്ധ്യായം അടഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാനും തയ്യാറാണ്. സമരക്കാരെ കണ്ട് മാപ്പ് പറയില്ല. അവരെ അവിടക്കൊണ്ട് ഇരുത്തിയവര്‍ തന്നെ തിരികെ വിളിച്ചു കൊണ്ട് പോകട്ടെ. തന്റെ പ്രസ്താവനയുടെ പേരില്‍ ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. മാദ്ധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയുള്ളൂ. താന്‍ ഭൂമി കൈയേറി എന്ന് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്കി. ഇരുപതേക്കറില്‍ താന്‍ നടത്തിയ ദീര്‍ഘമായ പ്രസംഗത്തില്‍ നിന്ന് ചെറിയൊരു ഭാഗം എടുത്ത് വളച്ചൊടിച്ച കാണിക്കുകയായിരുന്നു. പ്രസംഗത്തില്‍ മാദ്ധ്യമങ്ങളും സുരേഷ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു. പെന്പിളൈ ഒരുമൈ എന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ആരുടേയും പേരെടുത്ത് പറയുകയോ സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല – മണി വിശദീകരിച്ചു














