“പെണ്ണുങ്ങള്‍ അങ്ങിനെ ആണുങ്ങളുടെ മുന്നില്‍ പ്രസംഗിക്കേണ്ട”; ലീഗ് സമ്മേളനത്തില്‍ വനിതാ നേതാവിന് പരസ്യശകാരം


കോഴിക്കോട്: മുസ്ലീംയൂത്ത്‌ ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍നിന്ന് വനിതാ നേതാവിനെ ശകാരിച്ച് അപമാനിച്ചുവിട്ടു. സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ചോദിച്ച വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസാ അന്‍വറിനെ ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയാണ് അപമാനിച്ചുവിട്ടത്.


ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്കുമുന്നില്‍ സംസാരിച്ചില്ലെന്നും പുതിയ രീതിയൊന്നും വേണ്ടെന്നും പറഞ്ഞാണ് അപമാനിച്ചുവിട്ടത്.


കോഴിക്കോട് നടന്ന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. വേദിയില്‍ കെ എ ഷാജി എംഎല്‍എ സംസാരിക്കുമ്പോള്‍ അവിടേക്ക് കടന്നുവന്ന ഖമറുന്നീസ അന്‍വര്‍ തനിക്കും സംസാരിക്കണമെന്ന് ആവശ്യപെടുകയായിരുന്നു. അപ്പോഴാണ് മായിന്‍ഹാജി അവരെ അധിക്ഷേപിച്ചത്. ഇതിന്റെ സംഭാഷണമടക്കമുള്ള വീഡിയോ കൈരളി പീപ്പിള്‍ പുറത്തുവിട്ടു

തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നു പിന്നീട് ഖമറുന്നീസ അന്‍വര്‍ സ്ഥിരീകരിച്ചു. എന്നാല്‍, അന്നു ഖമറുന്നീസ അന്‍വര്‍ വേദിയില്‍ പോലും ഇല്ലായിരുന്നെന്നും സമ്മേളനത്തിന് ഇല്ലാത്ത ആള്‍ എങ്ങനെ സംസാരിക്കാന്‍ അവസരം ചോദിക്കും എന്നും ആദ്യം പ്രതികരിച്ച മായിന്‍ ഹാജി പിന്നീട് തനിക്ക് എല്ലാ കാര്യത്തിനും തന്റെതായ നിലപാട് ഉണ്ടെന്നാണ് പറഞ്ഞത്.



Sharing is Caring