പുസ്തക വിവാദം: നിഷ ജോസ് കെ മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് പരാതി നല്‍കി


കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി. നിഷയുടെ പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.


നിഷ രചിച്ച ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പുസ്തകത്തിലെ നിഷയുടെ ഒരു ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തല്‍. വ്യക്തി ആരെന്ന് തുറന്ന് പറയുന്നില്ലെങ്കിലും സൂചനകളിലൂടെ ഷോണ്‍ ജോര്‍ജ് ആണെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഷോണ്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.


തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയില്‍ രാഷ്ട്രീയനേതാവിന്റെ മകനായ യുവാവ് തന്നോട് മോശമായി പെറുമാറിയെന്നായിരുന്നു നിഷ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന ഭാര്യാപിതാവിനെ കണ്ടിട്ട് വരുകയായിരുന്നു യുവനേതാവെന്നും പുസ്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നിഷയുടെ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്നായിരുന്നു ഭര്‍ത്താവ് ജോസ് കെ മാണിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്തണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.



Sharing is Caring