പുതുച്ചേരിയില്‍ നാടകീയ നീക്കം: ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം തുടരുന്നു


ചെന്നൈ: പുതുച്ചേരി മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച്‌ രാജ് നിവാസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണ തുടരുകയാണ്. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കര്‍ വൈദ്യലിംഗം, മന്ത്രിമാര്‍, ഡിഎംകെ കോണ്‍ഗ്രസ് എംഎല്‍എമാരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.


സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടേയും ഫയലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കിരണ്‍ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവര്‍ണറുടെ നിയമ വിരുദ്ധമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടികാട്ടുന്നു. ഈ മാസം 21 ന് ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആദ്യം അവസാനിപ്പിച്ചിരുന്നെങ്കിലും, കറുത്ത വസ്ത്രം അണിഞ്ഞ് എത്തി അര്‍ധരാത്രിയോടെ ധര്‍ണ വീണ്ടും പുനരാംരംഭിച്ചു.


രാജ് നിവാസിന് മുന്നില്‍ കിടന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിഷേധം. അനധികൃതമായി സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.



Sharing is Caring