ഷീന ബോറ വധക്കേസില്‍ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായി പിരിയുന്നു. ഷീന ബോറ വധക്കേസില്‍ കൂട്ടുപ്രതി കൂടിയായ പീറ്റര്‍ മുഖര്‍ജിയുമായി പിരിയാന്‍ അന്വേഷണ ഏജന്‍സിയുടെ അനുമതി തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വില്‍പത്രത്തില്‍ മാറ്റം വരുത്തി സ്വത്തുക്കള്‍ ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാനും ഇന്ദ്രാണി തീരുമാനിച്ചു. കേസില്‍ ഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
2002ലാണ് ഇന്ദ്രാണി മുഖര്‍ജി മാധ്യമരംഗത്തെ പ്രമുഖനായ പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിച്ചത്. തന്റെ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ തന്റെ മൂന്നാം ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുമായി ചേര്‍ന്ന് ഇന്ദ്രാണി കൊലപ്പെടുത്തിയെന്നാണ് കേസ്. പീറ്റര്‍ മുഖര്‍ജിയുടെ ഒന്നാം വിവാഹത്തിലെ മകനായ രാഹുലുമായി ഷീന ബോറ പ്രണയത്തിലായതാണ് കൊലപാതകത്തിന്റെ കാരണം.














