കുത്തനെ കൂടിയ അരി വിലക്കൊപ്പം സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.പലസാധനങ്ങള്‍ക്കും അഞ്ച് രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയിരിക്കുന്നത്. കിലോയ്ക്ക് പത്തുരൂപയായിരുന്ന വെള്ളരിക്കയ്ക്ക് ഇന്നലെ 90 രൂപയായിരുന്നു കമ്പോള വില.
മുരിങ്ങയ്ക്ക കിലോയ്ക്ക് 15 ല്‍ നിന്ന് 160 ലേക്കും അമരയ്ക്ക 10 ല്‍ നിന്ന് 60 രൂപയിലേക്കും ഉയര്‍ന്നു. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. പച്ചമുളക് കിലോയ്ക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില.

ഇപ്പോഴത് 80 രൂപയായി. കാബേജ്, പയര്‍, വെണ്ടയ്ക്ക, ഏത്തക്കായ്, ബീട്രൂട്ട്, തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം അന്‍പതു മുതല്‍ നൂറു രൂപവരെയാണ് വില വര്‍ധന. കുമ്പളത്തിന് 10 രൂപയില്‍ നിന്നും 20 ആയി വിലവര്‍ധിച്ചപ്പോള്‍ വഴുതനയ്ക്ക് 15ല്‍ നിന്നും 25 ആയി ഉയര്‍ന്നു.ചെറുകിട വ്യാപാരികളെ അകറ്റിനിര്‍ത്തി ഇടനിലക്കാരും മൊത്തവ്യാപാരികളുമാണ് ഈ കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും.













