പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി


തിരുവനന്തപുരം: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.


പാര്‍ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര്‍ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തനെ പിണറായി വിജയനും ഇ പി ജയരാജനും കോടിയേരിയും കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു കുഞ്ഞനന്തന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

മൃതദേഹം ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഒന്‍പത് മണി വരെ പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ 11 മണി വരെ പാറാടും പൊതുദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാരം.



Sharing is Caring