പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും


ഹോം » വാര്‍ത്ത » കേരളം »
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും
വെബ്ഡെസ്ക്
March 2, 2017


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും. സുനില്‍ പകര്‍ത്തിയ നടിയുടെ ചിത്രങ്ങള്‍ ഇവരെ കാണിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിങിന് ശ്രമിച്ചുവെന്ന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ മൊഴികളാണ് സുഹൃത്തുക്കളില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്.


സംഭവം നടന്നതിന്റെ പിറ്റേന്ന് അമ്പലപ്പുഴയിലെത്തിയ പള്‍സര്‍ സുനി മൊബൈല്‍ ദൃശ്യങ്ങള്‍ സുഹൃത്തായ മനുവിനെ കാണിച്ചിരുന്നു. മൊബൈല്‍ ദൃശ്യങ്ങളും ഫോണും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സുഹൃത്തുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം മുന്നോട്ട് പോകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ലഭിച്ച തെളിവുകളെല്ലാം പ്രതികളെ ശിക്ഷിക്കുന്നതിന് സഹായകരമാകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍.

സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ നടിയുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു. നടിയുടെ രഹസ്യ മൊഴി തൊട്ടടുത്ത ദിവസം മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് ഉള്ളില്‍ നിന്നും വിരലടയാളം ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍, കാറിനെ പിന്തുടര്‍ന്ന കാറ്ററിങ് വാഹനത്തില്‍ നിന്നും പ്രതികളുടെ ശരീരസ്രവങ്ങള്‍ പുരണ്ട വസ്ത്രം ലഭിച്ചു. അത്താണി മുതല്‍ പ്രതികളുടെ വാഹനം നടിയുടെ വാഹനത്തെ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു.



Sharing is Caring