പാക്ക് വളർത്തിയ ഭീകര സംഘടനകൾ അവർക്ക് തന്നെ ഭീഷണിയാകുന്നു: അജിത് കുമാർ


ഇന്ത്യയെ നശിപ്പിക്കാൻ പാക്കിസ്ഥാൻ രൂപം നൽകിയ തീവ്രവാദ സംഘടനകൾ പാക്കിസ്ഥാന് തന്നെ വിനയായിരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ. മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


കശ്മീരില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന പാക് പ്രതിനിധിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ഭീകരതയും വളര്‍ത്തി ജമ്മുവിലും കശ്മീരിലും സംഘര്‍ഷം സൃഷ്ടിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ആഗോള ഭീകരതയ്ക്ക് ‘പേരു’ നേടിയ പാക്കിസ്ഥാനാണ് കശ്മീരിനെക്കുറിച്ചു പറയുന്നതെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. ലോകത്തെ പേടിപ്പിച്ച ഭീകരര്‍ക്കെല്ലാം അഭയം നല്‍കുന്നതും നിലനിര്‍ത്തിപ്പോരുന്നതും കഴിഞ്ഞ രണ്ടു ദശകങ്ങളായി പാക്കിസ്ഥാനാണ്. അതിര്‍ത്തികടന്നുള്ള തീവ്രവാദവും നുഴഞ്ഞുകയറ്റവും പ്രോത്സാഹിപ്പിച്ച്‌ ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്തുന്നതും പാകിസ്താനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring