പത്മനാഭ സ്വാമി ക്ഷേത്ര വികസനത്തിന് തുടക്കമാവുന്നു; 78 കോടിയുടെ പദ്ധതി മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാവും


ക്ഷേത്ര നഗരിയുടെ പ്രൗഢി കൂട്ടുന്ന തരത്തില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസര വികസനത്തിന് 78.55 കോടിയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ നാല് നടകളുമായി ബന്ധപ്പെട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗ്രാനൈറ്റ് പാകിയ നടപ്പാതകളും റോഡുകളും. നടപ്പാതകള്‍ക്കു ചുറ്റും പച്ചപ്പ്, കുടിവെള്ള സംവിധാനവും ഇ-ടോയ്ലെറ്റുകളും എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇലക്‌ട്രിക് പോസ്റ്റുകള്‍ മാറ്റി യു.ജി കേബിളുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കും. ക്ഷേത്രനടകളിലേക്കെത്തുന്ന റോഡുകള്‍ ഗ്രാനൈറ്റ് പാകി പൈതൃക ഭംഗി നിലനിര്‍ത്തും. പത്മ തീര്‍ത്ഥക്കുളം വറ്റിച്ച്‌ നവീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തും. പടവുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്.


ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ പ്രധാന പ്രശ്നമായി പാര്‍ക്കിംഗിനുള്ള പരിഹാരം പദ്ധതിയുടെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി അവര്‍ക്ക് കൂടി ഉപയുക്തമായ തരത്തില്‍ വിനിയോഗിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, നിര്‍മ്മിതി കേന്ദ്ര എന്നീ ഏജന്‍സികള്‍ക്കാണ് നിര്‍വഹണ ചുമതല. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി ഈ സാമ്ബത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.


ആചാരാനുഷ്ഠാനങ്ങള്‍ക്കും സാങ്കേതിക കാര്യങ്ങള്‍ക്കും ഭംഗം വരാത്ത തരത്തില്‍ പ്രദേശവാസികളുമായി സഹകരിച്ച്‌ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി നിര്‍ദേശിച്ചു. യോഗത്തില്‍ വി എസ് ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെയും റസിഡന്റ്സ് അസോസിയേഷന്റെയും രാജകുടുംബത്തിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.



Sharing is Caring