ദിലീപിന് സുനിയുടെ കത്ത്; ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി


ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് കത്തയച്ച സംഭവത്തില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടിനെ കണ്ണൂരിലേയ്ക്ക് സ്ഥലം മാറ്റി. കണ്ണൂര്‍ ജില്ല ജയില്‍ സൂപ്രണ്ടായാണ് വി ജയകുമാറിനെ നിയമിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തേ തീരുമാനിച്ചതാണെന്നു ജയില്‍ വകുപ്പ് വിശദീകരിച്ചു. കാക്കനാട് ജയിലില്‍ കഴിയവെ ജയില്‍ സൂപ്രണ്ടിന്റെ സീല്‍ പതിച്ച കത്തിലാണ് സുനി ദിലീപിന് കത്തയച്ചത്. ഇത് വിവാദമായിരുന്നു. സുനി കത്തയച്ചത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.
സുനില്‍കുമാറിനു ജയിലില്‍ ഫോണ്‍ ലഭിച്ചെന്നും ഈ ഫോണ്‍ ഉപയോഗിച്ച്‌ അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സുനി ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മൊഴി.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ജയകുമാറിനെ കണ്ണൂരിലേയ്ക്ക് സ്ഥലം മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിന് അദ്ദേഹം സമ്മതം അറിയിച്ചിരുന്നെന്നും ജയില്‍ വകുപ്പ് വിശദീകരിച്ചു. കാക്കനാട്ടെ പുതിയ സൂപ്രണ്ടായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവിനെ നിയമിച്ചു.
കത്ത് പുറത്തുവന്ന സംഭവത്തില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.




Sharing is Caring