പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യയ്ക്കൊപ്പം കാണാതായ സംഭവം ; അന്വേഷണം കൊച്ചി കേന്ദ്രീകരിച്ച്‌


ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എറണാകുളം ജില്ലയില്‍ ഇവര്‍ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതി കലൂരില്‍ പത്താംതരം തുല്യതാ കോഴ്സിന് പഠിക്കുന്ന സ്ഥാപനത്തിലെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു.


ഇതിനിടെ യുവതിയുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ വെള്ളിയാഴ്ചയെത്തിയ ഇവര്‍ പലരോടും പണം കടം ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചു. എറണാകുളത്തെ ഇവരുടെ അകന്ന ബന്ധുക്കളുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. പണത്തിന്‍റെ കുറവുള്ളതിനാല്‍ കൂടുതല്‍ ദിവസം ഒളിവില്‍ കഴിയാനാകില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കാണാതായതിന് ശേഷം ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കിയ നിലയിലാണ്. അതിനാല്‍ ടവര്‍ ലോക്കേഷന്‍ നോക്കിയുള്ള അന്വേഷണം വഴിമുട്ടി. ചേര്‍ത്തല മായിത്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും കടവന്ത്ര സ്വദേശിയായ യുവതിയേയും കഴിഞ്ഞ 2 മുതലാണ് കാണാതായത്.


കഴിഞ്ഞ ആഴ്ചയിലും ചേര്‍ത്തലയില്‍ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് നാടുവിട്ടത് നാല്പതുകാരിയായ അദ്ധ്യാപികയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്നു. ഇരുവരെയും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചെന്നെയില്‍ നിന്ന് പോലിസ് കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു. അതിനിടെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.



Sharing is Caring