പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌നയ്ക്കു വേണ്ടി പോലീസ് മലപ്പുറത്ത് അന്വേഷണം നടത്തുന്നു


പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.


മേയ് 3ന് രാവിലെ 11 മുതല്‍ രാത്രി 8 വരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കുംവിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്. മറ്റ് ചിലരുമായി ഇവര്‍ സംസാരിക്കുന്നത് കണ്ടെന്നും അവിടെനിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.


പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതും വിവരം പോലീസിനെ അറിയിച്ചതും. അന്ന് അവിടെ പരിപാടിക്കെത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തകനും ഈ സംശയം ഉന്നയിച്ചിട്ടുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. വലിയ ബാഗും ഇവരുടെ പക്കലുണ്ടായിരുന്നു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനാണ് പോലീസ് കോട്ടക്കുന്നിലെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പോലീസ് ആദ്യം ശ്രമിക്കുക. അന്നേ ദിവസത്തെ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചേക്കും. കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ച്‌ കോട്ടക്കുന്നിലെത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇത് കണക്കാക്കിയാകും അന്വേഷണം.



Sharing is Caring