പതിമൂന്നാം വയസിൽ സിനിമയിലെത്തിയ ലക്ഷ്മി ഭാരതി; 70ന്റെ നിറവിൽ ജയഭാരതി


ചിത്തിര തോണിയിൽ അക്കരെ പോകാൻ ക്ഷണിക്കപ്പെടുന്ന ചിറയിൻകീഴിലെ പെണ്ണിന്റെ മുഖത്തു പൊട്ടിവിരിയുന്ന അമ്പരപ്പും പ്രതീക്ഷയും നാണവും പ്രണയവും, കനകം മൂലം കാമിനി മൂലം ദുഃഖം എന്ന തത്വജ്ഞാനം കേട്ട് നീരുറവ നിറഞ്ഞൊഴുകുന്ന കണ്ണുകൾ, സന്ധ്യകൾ ചാലിച്ച സിന്ദൂരം ചാർത്താൻ സായന്തന പുഷ്പം പോലെ വിരിഞ്ഞ അംഗലാവണ്യവും വശ്യതയും. ഇത്രയുമെല്ലാം നിറഞ്ഞത് ഒരാളിലാണ്. മലയാളികളുടെ ഒരേയൊരു ഭാരതിയിൽ; ജയഭാരതിയിൽ. ആദ്യ സിനിമയിൽ മുഖം കാണിക്കുമ്പോൾ ‘എല്ലാ പല്ലും വന്നോ’ എന്ന് സെറ്റിലുള്ളവർ കമന്റ് ചെയ്ത പതിമൂന്നുകാരി പെൺകുട്ടിക്ക് ഇന്ന് സപ്തതി.


ഈറോഡ് റിത സ്കൂളിലെ ഏഴാം ക്ലാസ്സുകാരി കുട്ടി ശശികുമാറിന്റെ ‘പെൺമക്കളിൽ’ ആദ്യമായി അഭിനയിച്ചു. പല്ലടർന്നു വീണിരുന്ന തീരെ ചെറിയ കുട്ടിയെ സിനിമ കഴിഞ്ഞതും പ്രേം നസീർ ഉൾപ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും, ജയഭാരതി എത്തേണ്ടിടത്തു വീണ്ടുമെത്തി.


പെൺകുട്ടികൾ സിനിമാ പോസ്റ്റർ വാങ്ങാൻ കോളാമ്പി കെട്ടിയ വണ്ടിയുടെ പിന്നാലെ ഓടിയാൽ ചൂരൽ കൊണ്ട് തൊലിപൊട്ടും വരെ അടികൊണ്ടിരുന്ന, ‘പെണ്ണുങ്ങൾ സിനിമയിൽ അഭിനയിക്കേ’ എന്ന് നെറ്റിചുളിച്ച കുടുംബങ്ങൾ നിറഞ്ഞ സമൂഹത്തിൽ നിന്നും മലയാള സിനിമയുടെ റാണിമാരായ ഷീല, ശാരദ ജയഭാരതിമാർ അക്കാലത്തെ ആക്ടിവിസ്റ്റുകൾ എന്ന് വിളിക്കപ്പെടാതെ പോയി.



Sharing is Caring