ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന രാമസേതുവിൻെറ ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്തുവിട്ട് യൂറോപ്യൻ സ്പേയ്സ് ഏജൻസി (ഇഎസ്എ). കോപ്പർനിക്കസ് സെൻ്റിനൽ-2 എന്ന ഉപഗ്രഹമാണ് ആദാമിൻെറ പാലമെന്നും അറിയപ്പെടുന്ന ഈ നിർമ്മിതിയുടെ ചിത്രങ്ങൾ പകർത്തിയത്. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്ത് രാമേശ്വരം ദ്വീപ് മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപ് വരെയാണ് ഈ മേഖല വ്യാപിച്ച് കിടക്കുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവിന് ഏകദേശം 48 കിലോമീറ്റർ ദൂരമാണുള്ളത്.
പാക്ക് കടലിടുക്കിൽ നിന്ന് മാന്നാർ ഉൾക്കടലിനെ വേർതിരിക്കുന്നതും ഈ ഭാഗമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ തെക്ക് ഭാഗത്ത് ഒരു പ്രവേശന കവാടം പോലെയാണ് മാന്നാർ ഉൾക്കടൽ ഉള്ളത്. സമാനമായ രീതിയിൽ വടക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലിൻ്റെ ഒരു പ്രവേശന കവാടമാണ് പാക്ക് കടലിടുക്ക്. ഈ ഭൂഭാഗം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് പല തരത്തിലുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്.














