നേരിട്ട് പണം ഉപയോഗിച്ചുള്ള ഇടപാടുകൾ തന്നെയാണ് രാജ്യത്ത് ഏറെയും നടക്കുന്നതെങ്കിലും പുതിയ കാലത്ത് യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. നാട്ടിൻപുറത്തെ പച്ചക്കറി ചന്തകളിലും മീൻ മാർക്കറ്റിലുമെല്ലാം ഇപ്പോൾ യുപിഐ വഴി പണം അയച്ച് നമുക്ക് സാധനങ്ങൾ വാങ്ങിക്കാം. ഡിജിറ്റൽ പണമിടപാട് വർധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും കൂടിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.
യുപിഐ വഴി നടത്തിയ ഇടപാടിൽ അബദ്ധം സംഭവിച്ചുവെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പ് സന്ദേശങ്ങൾ നിങ്ങൾക്കും എത്തിയേക്കാം. ഈ തട്ടിപ്പിൽ പെടാതെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന് ഐസിഐസിഐ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐസിഐസിഐ. തങ്ങളുടെ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും വേണ്ടിയാണ് ഈ മുന്നറിയിപ്പെന്ന് അവർ വ്യക്തമാക്കി.














