ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയില്‍ വീണ്ടും പാകിസ്താന്റെ ആളില്ലാ വിമാനം കണ്ടെത്തിയതായി ബി.എസ്.എഫ്. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തുന്നത്.രാവിലെ 7.20 ഓടെ ഹസാര്സിങ് വാല ഗ്രാമത്തിലും 10.10 ഓടെ തെന്ഡിവാല ഗ്രാമത്തിലുമാണ് ഡ്രോണ്‍ കണ്ടതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് മൂന്നു തവണ പാക് ഡ്രോണ്‍ പറന്നത് ബി.എസ്.എഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടും ഇതേ ദിശയില്‍ നിന്നാണ് ഡ്രോണ്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും വിശദാംശങ്ങള്‍ അറിയാന്‍ ബി.എസ്.എഫുമായി ബന്ധപ്പെടുമെന്നും പൊലീസ് ജില്ലാ സൂപ്രണ്ട് സുഖ്വീന്ദര് സിങ് അറിയിച്ചു.

കഴിഞ്ഞമാസം പഞ്ചാബ് അതിര്‍ത്തിയില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ എ.കെ 47 തോക്കും ഗ്രനേഡും സാറ്റലൈറ്റ് ഫോണും താഴേക്ക് വര്‍ഷിക്കാന്‍ ശ്രമിച്ചതായും പൊലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡ്രോണുകള്‍ക്ക് അഞ്ചു കിലോയോളം ഭാരം വഹിക്കാന്‍ കഴിവുണ്ട്.













