പഞ്ചാബ്​ അതിര്‍ത്തിയില്‍ വീണ്ടും പാക്​ ഡ്രോണ്‍ കണ്ടെത്തി


ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയില്‍ വീണ്ടും പാകിസ്​താന്റെ ആളില്ലാ വിമാനം കണ്ടെത്തിയതായി ബി.എസ്​.എഫ്​. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇത്​ രണ്ടാം തവണയാണ്​ പഞ്ചാബ്​ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തുന്നത്​.രാവിലെ 7.20 ഓടെ ഹസാര്‍സിങ്​ വാല ഗ്രാമത്തിലും 10.10 ഓടെ തെന്‍ഡിവാല ഗ്രാമത്തിലുമാണ്​ ഡ്രോണ്‍ കണ്ടതെന്ന്​ ബി.എസ്​.എഫ്​ വൃത്തങ്ങള്‍ അറിയിച്ചു.


തിങ്കളാഴ്​ച രാത്രി അതിര്‍ത്തിയോട്​ ചേര്‍ന്ന പ്രദേശത്ത്​ മൂന്നു തവണ പാക്​ ഡ്രോണ്‍ പറന്നത്​ ബി.എസ്​.എഫ്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. വീണ്ടും ഇതേ ദിശയില്‍ നിന്നാണ്​ ഡ്രോണ്‍ എത്തിയത്​​. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും വിശദാംശങ്ങള്‍ അറിയാന്‍ ബി.എസ്​.എഫുമായി ബന്ധപ്പെടുമെന്നും പൊലീസ്​ ജില്ലാ സൂപ്രണ്ട്​ സുഖ്​വീന്ദര്‍ സിങ്​ അറിയിച്ചു.


കഴിഞ്ഞമാസം പഞ്ചാബ്​ അതിര്‍ത്തിയില്‍ താഴ്​ന്നു പറന്ന പാക്​ ഡ്രോണ്‍ എ.കെ 47 തോക്കും ഗ്രനേഡും സാറ്റലൈറ്റ്​ ഫോണും താഴേക്ക്​ വര്‍ഷിക്കാന്‍ ശ്രമിച്ചതായും പൊലീസ്​ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡ്രോണുകള്‍ക്ക്​ അഞ്ചു കിലോയോളം ഭാരം വഹിക്കാന്‍ കഴിവുണ്ട്​.



Sharing is Caring