1000, 500 രൂപ നോട്ട് അസാധുവാക്കയതിലൂടെ ജനങ്ങള്‍ വന്‍ ദുരിതമാണ് അനുഭവിച്ചത്. നോട്ട് അസാധുവാക്കിയതോടെ എല്ലാ മേഖലയിലും വളര്‍ച്ചയില്‍ തളര്‍ച്ച രേഖപ്പെടുത്തി. ഇത് വരുന്ന ദിനങ്ങളിലേക്ക് ഒരുങ്ങേണ്ടിയിരുന്ന ദിനങ്ങളെയാണ് ഓര്‍മപ്പെടുത്തിയത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഇവിടെ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു സന്ദര്‍ഭം വരുമെന്ന് കണക്കുകൂട്ടി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ തമിഴ്നാടും ആന്ധ്രയും റിസര്‍വ് ബാങ്കിനോട് നേരത്തെ തന്നെ പണം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരം അവിടെയെല്ലാം ഇപ്പോള്‍ കേരളം നേരിടുന്ന പ്രതിസന്ധി ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.














