നോട്ട് ക്ഷാമത്തെ തൊടാതെ മോദിയുടെ ജനക്ഷേമ പ്രഖ്യാപനം


കറന്‍സി ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തൊടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബജറ്റ് സമാന ക്ഷേമ പ്രഖ്യാപനങ്ങള്‍. നോട്ട് പിന്‍വലിക്കലിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ജനക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയപരിപാടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും ഇപ്പോഴത്തേതുപോലെ തുടരും. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ നല്‍കിയ ഇളവാണ് പ്രഖ്യാപനങ്ങളിലൊന്ന്.


ഒമ്പതു ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കു നാലു ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് മൂന്നു ശതമാനം പലിശയിളവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗര്‍ഭിണികളുടെ ചികിത്സാസഹായം വര്‍ധിപ്പിച്ചാതായും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളുടെ ആശുപത്രി പരിചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആറായിരം രൂപ നല്‍കും. തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും. ചെറുകിട കച്ചവടക്കാര്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. ചെറുകിട സംരഭങ്ങളുടെ വായ്പകള്‍ക്ക് രണ്ടു കോടിയുടെ സര്‍ക്കാര്‍ ഗാരന്റിയും നല്‍കും. ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്.


ഇതിനായി നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന് ജനം കാത്തിരിക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ത്യാഗം സഹിച്ചതായും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍നിന്നും രാജ്യത്തെ മുക്തമാക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനത്തിന് അഴിമതിയില്‍നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. അഴിമതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത്.

അഴിമതിക്കെതിരായ പോരാട്ടത്തിന് ജനം കാത്തിരിക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ത്യാഗം സഹിച്ചു. സത്യസന്ധര്‍ക്ക് നിരവധി ദുരിതം അനുഭവിക്കേണ്ടിവന്നു. ഇതിനു കാരണം കള്ളപ്പണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring